
ചെങ്ങന്നൂർ: കെ റെയിൽ അനുകൂലികൾക്ക് വോട്ടില്ല എന്ന പ്രചാരണവുമായി കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി. പോലീസിനെ ഉപയോഗിച്ച് നിയമവിരുദ്ധമായി സ്വകാര്യ ഭൂമിയിൽ കടന്നുകയറി കെ റെയിൽ കമ്പനി നടത്തിയ ഭൂമി ഏറ്റെടുക്കൽ നടപടിയെ എതിർത്ത സ്വകാര്യ ഭൂ ഉടമകളായ സ്ത്രീ - പുരുഷന്മാരെയും കുട്ടികളെയും വൈദിക ശ്രേഷ്ഠരേയും വരെ ക്രൂരമായി മർദ്ദിക്കുകയും സ്ത്രീകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കുകയും അവരുടെ മേൽ നിരവധി കള്ള കേസുകൾ ചുമത്തുകയും ചെയ്ത സർക്കാർ നടപടിയെ പ്രതിഷേധിച്ചുകൊണ്ട് വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് ഇറങ്ങുവാൻ താലൂക്ക് സമിതി തീരുമാനിച്ചു.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി താലൂക്ക് ചെയർമാൻ ഫിലിപ്പ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ താലൂക്ക് സമിതി യോഗത്തിൽ ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ യോഗം ഉദ്ഘാടനം ചെയ്തു. നിയമവിരുദ്ധമായി പുറപ്പെടുവിച്ച ഭൂമി ഏറ്റെടുക്കൽ ഉത്തരവ് പിൻവലിക്കുക, ഭൂ ഉടമകൾക്കും സമരസമിതി നേതൃത്വത്തിനും മേൽ ചുമത്തിയ കള്ള കേസുകൾ പിൻവലിക്കുക, ഭൂമിയിൽ മേലുള്ള സ്വകാര്യ ഉടമസ്ഥത പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കുക എന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. റ്റി. കോശി, മാത്യൂസ് ജോർജ്, ജോർജ് വർഗീസ്, റെജി തോമസ്, എ.ആർ. പ്രമോദ്, പി. ഗോപാലകൃഷ്ണൻ, ബിജു തോട്ടുങ്കര, മേരി ജഗൻ ഐപ്പ് , മീന ഉമ്മൻ, ജേക്കബ് വർഗീസ്, റ്റി. വി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.











